Saturday, 21 January 2012

പെര്‍ത്തിലെ പാട്ട് മല്‍സരം കഴിഞ്ഞു, ഇനി അഡലെയ്ഡില്‍

പ്രിയപ്പെട്ട സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്ന് സച്ചിനും ലക്ഷ്മണും ദ്രാവിഡുമെല്ലാം തല താഴ്ത്തി മടങ്ങുമ്പോള്‍ പെര്‍ത്തിലെ പാട്ട് മല്‍സരത്തില്‍ കാണാമെന്നാണ് ധോണി കംഗാരുക്കളോട് പറഞ്ഞത്. ഹോര്‍ലിക്‌സ് കുടിച്ച് പങ്കെടുത്ത ചെസ് മല്‍സരത്തില്‍ തോറ്റപ്പോള്‍ അരശുംമൂട്ടില്‍ അപ്പുക്കുട്ടന്‍ തൈപ്പറമ്പില്‍ അശോകനെ കാവിലെ പാട്ടുമല്‍സരത്തില്‍ കാണാമെന്ന് വെല്ലുവിളിച്ചതുപോലെ ഒരു വെല്ലുവിളി. ധോണിയുടെ വാക്ക് കേട്ടപ്പോള്‍ സലിം കുമാര്‍ ഒരു സിനിമയില്‍ പറഞ്ഞതുപോലെ ഇനി ബിരിയാണി കിട്ടിയാലോയെന്ന് ചില ഇന്ത്യന്‍ ആരാധകരും വിശ്വസിച്ചുപോയി. കഴിഞ്ഞ പര്യടനത്തില്‍ പെര്‍ത്തിലെ അതിവേഗ പിച്ചില്‍ ഇന്ത്യ നേടിയ അത്ഭുത വിജയത്തിന്റെ ഓര്‍മകള്‍ ആരാധകരുടെ വിശ്വാസത്തെ ബലപ്പെടുത്തുകയും ചെയ്തിരിക്കണം. ഒടുവില്‍ പെര്‍ത്തിലെ പാട്ട് മല്‍സരം കഴിഞ്ഞപ്പോള്‍ ഒരും സംശയം മാത്രമേ ബാക്കിയായുള്ളൂ. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലുമൊക്കെ ഇന്ത്യക്ക് ടെസ്റ്റ് മല്‍സരങ്ങളുടെ ആവശ്യമുണ്ടോ? ഏറിയാല്‍ ഒരു ത്രിദിന മല്‍സരത്തിന്റെ മാത്രം ആവശ്യമല്ലേയുള്ളു. കാര്യങ്ങളെല്ലാം അതിനുമുമ്പേ തീരുമാനിക്കാവുന്ന നിലയിലേക്ക് പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ്ങ് ലൈനപ്പ് മാറുമ്പോള്‍ ടെസ്റ്റിന്റെ സ്ഥാനത്ത് ത്രിദിന മല്‍സരങ്ങളുടെ കാര്യം ഗൗരവമായി ബി.സി.സി.ഐക്ക് ആലോചിക്കാവുന്നതാണ്. 

ഇനി അഡലെയ്ഡിലാണ് അടുത്ത പാട്ട് മത്സരം. ആവശ്യത്തിലേറെ വിശ്രമം കിട്ടിയാണ് ടീം ഇന്ത്യ അഡലെയ്ഡിലെ മല്‍സരത്തിന് ഒരുങ്ങുന്നത്. പെര്‍ത്തിലെ ബോണസായി കിട്ടിയ രണ്ടര ദിവസവും കൂടിയാകുമ്പോള്‍ 'സാധകം' ചെയ്യാന്‍ ഒരുപാട് സമയം കിട്ടും. മൈക്കല്‍ ക്ലാര്‍ക്കും സംഘവും കരുതിയിരിക്കുക, അഡലെയ്ഡിലെ പാട്ട് മല്‍സരത്തില്‍ കളി മാറും.


No comments:

Post a Comment